Movies
നടി സുഭാഷിണിയുടെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടിയുടെ ഭർത്താവ് ബിബിൻ ചന്ദ്ര. നീ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും എന്തിനാണ് എന്നെ വിട്ടു പോയതെന്നും ബിബിൻ ചോദിക്കുന്നു.
''എന്റെ സ്നേഹം, എന്റെ ബൊബ്ബ, നിന്നെപ്പോലെ മറ്റാരും എനിക്ക് ഇത്രയും സ്നേഹം നൽകിയിട്ടില്ല. നിന്നെയല്ലാതെ മറ്റാരെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടുമില്ല.
നീ ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. നീ എന്റെ ഓർമകളിൽ ജീവിക്കുന്നു. എല്ലായിടത്തും ഞാൻ നിന്റെ സാന്നിധ്യം അനുഭവിക്കുന്നു.. എന്തിനാണ് എന്നെ വിട്ടുപോയത്?"
നിന്റെ ജന്മദിനം, നമ്മുടെ വിവാഹ വാർഷികം ഞാൻ ആഘോഷിക്കാൻ ആഗ്രഹിച്ചു. ഒരുമിച്ച് യാത്ര ചെയ്യാൻ, നമ്മുടെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നം, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, എല്ലാ ആഴ്ചയും ഡ്രൈവിംഗ്, ഒരുമിച്ചുള്ള പാചകം... ഇനിയും ധാരാളം ഓർമകൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചു, ബിബിൻ കുറിച്ചു. ബിബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ പ്രൈവറ്റ് ആണ്.
ഏപ്രിൽ ആറിന് ചെന്നൈയിലെ സ്വന്തം വീട്ടിലാണ് സുഭാഷിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കയിൽ ജനിച്ച സാസ്വി ബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.
പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ കയൽ എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം.
ഞായറാഴ്ച രാത്രി ഭർത്താവിനെ വീഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായെന്നും ഇതേത്തുടർന്ന് സുഭാഷിണി തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സുഭാഷിണി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോ കോളിൽ കണ്ട ഭർത്താവ് ഉടൻ അപ്പാർട്ട്മെന്റിലെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിച്ചു. സുരക്ഷാ ജീവനക്കാരൻ പോരൂർ പോലീസിൽ വിവരമറിയിച്ചെങ്കിലും പോലീസ് എത്തുമ്പോഴേക്കും സുഭാഷിണി മരിച്ചിരുന്നു.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശം.
ഇതോടെ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടാനാണ് സാധ്യത. ചിത്രം ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീട്ടുകയായിരുന്നു.
സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ചെയർമാന് ഇടപെടാൻ അധികാരം ഉണ്ടെന്നാണ് സിബിഎഫ്സി നിലപാട് സ്വീകരിച്ചത്.
Movies
റിലീസ് മാറ്റിവച്ച ജനനായകൻ ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ അജയ് ജ്ഞാനമുത്തു. തലൈവർ എപ്പോൾ വരുന്നോ അപ്പോൾ തിയറ്ററിലേയ്ക്ക് പോകുമെന്നും നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണ് ഒരു സിനിമയെന്നും അദ്ദേഹം പറഞ്ഞു.
ഡിമോണ്ടി കോളനി, കോബ്ര തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിൽ ശ്രദ്ധേയനാണ് അജയ്.
"പൂർണമായ അധികാര ദുർവിനിയോഗം.. ഏതൊരു സിനിമയും ഒരാളുടേത് മാത്രമല്ല, നൂറുകണക്കിന് ആളുകളുടെ പരിശ്രമങ്ങളും പണവുമാണ് ഒരു സിനിമ തിയേറ്ററുകളിൽ എത്താൻ ആവശ്യമായി വരുന്നത്.
ടീമിന് എല്ലാ പിന്തുണയും. ഇത് ദളപതിയുടെ സിനിമയാണ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ചിത്രവുമാണ്, അത് എപ്പോൾ റിലീസ് ചെയ്താലും നമ്മൾ മുമ്പത്തേക്കാൾ ആഘോഷിക്കും!! തലൈവരുടെ എപ്പോൾ വരുന്നോ, അപ്പോൾ തിയേറ്ററിലേക്ക് പോകും" അജയ് ജ്ഞാനമുത്തു കുറിച്ചു.
#PongalPostponed #JanaNayagan എന്നീ ഹാഷ്ടാഗുകളും അദ്ദേഹം ഒപ്പം ചേർത്തിട്ടുണ്ട്.
അതേസമയം സിനിമയുടെ റിലീസ് വെള്ളിയാഴ്ച ഉണ്ടാകില്ല. റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. സെൻസർബോർഡിന്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്.
ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Movies
ധനുഷിന്റെ തേരേ ഇഷ്ക് മേം പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് പരിപാടിക്കിടയിൽ തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോയ താരം പറയുന്ന മറുപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു.
ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന "തേരേ ഇഷ്ക് മേം' റൊമാന്റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.
ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, "എനിക്കറിയില്ല.' താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.'
ധനുഷിന്റെ ഓൺസ്ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, "ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.
18 വർഷത്തെ ദാമ്പത്യം
ധനുഷിന്റെയും ഇതിഹാസതാരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബര പൂർണമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
"സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും പൊരുത്തപ്പെടുത്തലിന്റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.'- എന്നായിരുന്നു പ്രസ്താവന.
Movies
നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചിത്രത്തിലെ നായകൻ ആദിത്യ മാധവൻ. ഗൗരിക്കൊപ്പം വേദിയിലുണ്ടായിരുന്നയാളാണ് ആദിത്യ. എന്നാൽ നായകൻ ആ അവസരത്തിൽ ഒന്നും മിണ്ടാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്തംഭിച്ചുപോയതാണെന്ന് ആദിത്യ പറഞ്ഞു.
ബോഡി ഷെയിം ചെയ്യുന്നതിനെ അംഗീകരിക്കുന്നു എന്ന തരത്തിൽ തന്റെമൗനത്തെ വ്യാഖ്യാനിക്കരുതെന്നും ആദിത്യ കുറിച്ചു.
ഗായിക ചിന്മയി ശ്രീപദ പങ്കുവച്ച പോസ്റ്റിന് മറുപടിയായായിരുന്നു ആദിത്യയുടെ കുറിപ്പ്. "എല്ലാവർക്കും ഹായ്, എന്റെ നിശബ്ദത ആരെയും ബോഡി ഷെയിം ചെയ്യുന്നത് ഞാൻ അംഗീകരിക്കുന്നു എന്നല്ല അർഥമാക്കുന്നത്. ആദ്യമായി ഇങ്ങനെയൊരു സംഭവത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ഞാൻ സ്തംഭിച്ചുപോയി. ഞാൻ നേരത്തെ ഇടപെടേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അവൾ (ഗൗരി കിഷൻ) ഇതല്ല അർഹിക്കുന്നത്. ആരും ഇത്തരമൊരു സാഹചര്യം അർഹിക്കുന്നില്ല. നമ്മൾ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ട്. ഒരിക്കൽ കൂടി ഞാൻ ക്ഷമ ചോദിക്കുന്നു'. ആദിത്യ മാധവന്റെ വാക്കുകൾ ഇങ്ങനെ.
തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യുട്യൂബര് സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്.
സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് ഗൗരി ചോദിച്ചു. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. ചോദ്യം തന്നെ വിഡ്ഢിത്തരമാണെന്നും യുട്യൂബർ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്കു പോകുകയായിരുന്നു.